റേഷന്‍കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം; ആര്‍ക്കൊക്കെ അപേക്ഷിക്കാമെന്നറിയാം


കോഴിക്കോട്: റേഷന്‍കാര്‍ഡ് മുന്‍ഗണന (ബി.പി.എല്‍) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സമയപരിധി ഇനി ഒരാഴ്ച കൂടി മാത്രം. ഡിസംബര്‍ 10 വരെയാണ് പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാനാകുന്നത്.

തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കുന്ന, പഞ്ചായത്ത് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിന്റെ അല്ലെങ്കില്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണ് എന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ കാര്‍ഡ് മുന്‍ഗണനയിലേക്ക് മാറ്റാന്‍ കഴിയു. ഇതിനുള്ള അപേക്ഷ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിച്ച് അവരുടെ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തി ആയാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.

ജില്ലയില്‍ നിലവില്‍ 335902 കാര്‍ഡുകള്‍ ആണ് മുന്‍ഗണന വിഭാഗമായ പി.എച്ച്.എച്ച് ആയുള്ളത്. 47678 കാര്‍ഡുകള്‍ എ.എ.വൈ വിഭാഗത്തിലുമുണ്ട്. പലകാരണങ്ങളാല്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെടുന്നതിനുള്ള അവസരമാണ് ഇപ്പോഴുള്ളത്.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ന്യൂനതകള്‍ ഉള്ള അപേക്ഷകള്‍ തിരിച്ചയച്ചാല്‍ നിശ്ചിത തീയതിക്കുള്ളില്‍ തന്നെ പുനര്‍സമര്‍പ്പിക്കേണ്ടതിനാല്‍ എത്രയും വേഗം അപേക്ഷ നല്‍കണം.

അനധികൃത റേഷന്‍ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. അനര്‍ഹമായി കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണ്.