ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമേ എത്തിയിരുന്നുള്ളൂ, ആ അപകടം പ്രതീക്ഷിച്ചിരുന്നില്ല; ചോമ്പാലയിൽ തോണി അപകടത്തിൽ മരിച്ച ഷൈലേഷിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തും ബന്ധുവുമായ അഭിലാഷ്
മുക്കാളി: ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമേ എത്തിയിരുന്നുള്ളൂ. ആ അപകടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചോമ്പാലയിൽ തോണി അപകടത്തിൽ മരിച്ച ഷൈലേഷിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തും ബന്ധുവുമായ അഭിലാഷ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷമാണ് ഹാർബറിൽ നിന്നും തങ്ങളെല്ലാം തോണിയിൽ കയറിയത്.
ഹാർബറിന്റെ തെക്കുഭാഗത്തേക്കാണ് മീൻ പിടിക്കാനായി പോയത്. ഏകദേശം ഒരു കിലോമീറ്റർ ദൂരം എത്തിയപ്പോഴാണ് ശക്തമായ തിരമാലയുണ്ടായത്. തിരമാലയിൽപ്പെട്ട് തോണി ഉലഞ്ഞു. ഇതിനിടെ ബാലൻസ് തെറ്റി ഷൈലേഷ് കള്ളിയിലെ പലകയിലേക്ക് തലയിടിച്ച് വീഴുകയായിരുന്നെന്ന് അഭിലാഷ് പറയുന്നു. ഉടനെ മറ്റൊരു ചെറുതോണിയിലേക്ക് ഷൈലേഷിനെ മാറ്റി കരയ്ക്കെത്തിച്ചു. തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരമാല ഇടയ്ക്ക് ശക്തിയാകാറുണ്ടെങ്കിലും ഇങ്ങനെ ഒരു അപകടം പ്രതീക്ഷിച്ചില്ല. തങ്ങൾ ജോലിക്ക് പോയ ചെമ്പരുന്ത് തോണിയുടെ ആർസി ഓണർ ഷൈലേഷാണ്. അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഷൈലേഷെന്നും ആ വിയോഗം കുടുംബത്തിനും കൂട്ടുകാർക്കും താങ്ങാനാവുന്നില്ലെന്നും അഭിലാഷ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.