ഓൺലൈൻ വിസ തട്ടിപ്പ്; കണ്ണൂരില്‍ യുവാവിന് 18,000 രൂപ നഷ്ടമായി
കണ്ണൂര്‍: ഓൺലൈൻ വിസ തട്ടിപ്പിൽ കുടുങ്ങിയ യുവാവിന് 18,000 രൂപ നഷ്ടമായി. തിലാനൂർ സ്വദേശിക്കാണ് പണം നഷ്ടമായത്. ദുബായിലെ പ്രമുഖ കമ്പനിയായ ആർക്കേഡ് സ്റ്റാർ കൺസ്ട്രക്ഷൻ എൽ.എൽ.സി എന്ന സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു എന്നു പറഞ്ഞാണ് വിസ വാഗ്ദാനം ചെയ്തത്. കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന രേഖകളും വാട്സ്ആപ്പിൽ അയച്ചുനൽകി.
ശേഷം യുവാവ് കമ്പനിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിളിൽ പരിശോധിച്ചു. തുടര്‍ന്ന് സെപ്റ്റംബർ 10ന് എറണാകുളം സ്വദേശി മുഹമ്മദ് ഷെഫീഖ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ എറണാകുളം ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി പണം അയച്ചുകൊടുത്തു.

എന്നാല്‍ രണ്ടാഴ്ചകൊണ്ട് വിസയും ടിക്കറ്റും വരുമെന്ന് അറിയിച്ചെങ്കിലും ഒരു മാസമായിട്ടും കിട്ടാതായതോടെയാണ് പറ്റിക്കപ്പെട്ടെന്ന് യുവാവിന് മനസിലായത്. തുടർന്ന് എടക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Description: Online visa fraud; Youth loses Rs 18,000 in Kannur