ഓണ്‍ലൈന്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശിനിയ്ക്ക് നഷ്ടമായത് 23ലക്ഷം രൂപ


കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നായി തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറില്‍ നിന്നും കൊയിലാണ്ടി സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ഡോക്ടറുടെ 1.25കോടി രൂപയുടെ കൊയിലാണ്ടി സ്വദേശിനിയുടെ 23ലക്ഷം രൂപയുമാണ് നഷ്ടമായത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനെക്കുറിച്ച് ക്ലാസെടുത്ത് നല്‍കുകയാണ് ആദ്യം ചെയ്തത്. പിന്നീട് നിക്ഷേപിക്കുന്ന തുക ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ആദ്യം നിക്ഷേപിച്ച ചെറിയ തുകകള്‍ ഇരട്ടിയാക്കി തിരിച്ചുനല്‍കി വിശ്വാസ്യത നേടിയെടുത്തു. അതോടെ ഇവര്‍ വന്‍തുകകള്‍ നിക്ഷേപിച്ചു. ഇത് ലഭിക്കാതായതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് ഇവരുടെ പണം പോയിട്ടുള്ളത്. അവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Summary: Online fraud; Koyilandy native loses Rs. 23 lakh