ലോകനാർകാവ്‌ ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാക്കും: ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ


വടകര: ലോകനാർകാവ്‌ ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാക്കുമെന്ന്‌ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ലോകനാർകാവ്‌ ഗസ്റ്റ് ഹൗസ് പ്രവർത്തനം സംബന്ധിച്ച് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പിൽഗ്രിം ടൂറിസം രംഗത്ത് വലിയ മാറ്റമാണ് ലോകനാർക്കാവ് ഗസ്റ്റ് ഹൗസ് നിർമ്മാണം വഴി ഉണ്ടായിരിക്കുന്നത്. വിദൂരത്ത് നിന്ന് വരുന്ന നിരവധി ആളുകൾക്ക് ഈ ഗസ്റ്റ് ഹൗസ് ഏറെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട് എന്നത് വളരെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇതുവരെയായി 1735 റൂം ബുക്കിംഗ് 130 ഡോർമെറ്ററി ബുക്കിംഗ് നടന്നതായും ഈനത്തിൽ ആകെ 26.33 ലക്ഷം രൂപ വരവായി ലഭിച്ചതായും മന്ത്രി നിയമസഭയിൽ അറിയിച്ചു. ക്ഷേത്രത്തിൽ കമ്പ്യൂട്ടറൈസേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്. ഇതോടനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ സംവിധാനം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.