ആധാരത്തിന്റെ പകർപ്പിന് ആയിരം രൂപ; കെെക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ
തിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരൻ പിടിയിൽ. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് (55) നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നൽകുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൽ പിടിയിലാകുന്നത്. ചെറിയമുണ്ടം സ്വദേശിയായ ഗിരീഷ്‌കുമാറിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്.
തറവാട് വക സ്ഥല ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനായി ഗിരീഷ്‌കുമാർ കഴിഞ്ഞദിവസം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ചെന്നിരുന്നു. ഈ സമയത്ത് ഓഫീസിലുണ്ടായിരുന്ന ബാബുരാജ് ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കാൻ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരന്‍ ഈ വിവരം ഉടനെ മലപ്പുറം വിജിലന്‍സ് യുണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം വിജിലന്‍സ് കെണി ഒരുക്കുകയുമായിരുന്നു. തുടർന്ന് വ്യാഴാഴ്ച പകൽ പതിനൊന്നോടെ സബ് രജിസ്ട്രാര്‍ ഓഫീസിൽ എത്തിയ വിജിലൻസ് സംഘം പരിശോധനയിൽ ഇയാളിൽനിന്ന് കൈക്കൂലി പണം കണ്ടെടുത്തു.
ഇന്‍സ്പെക്ടര്‍മാരായ ജ്യോതീന്ദ്രകുമാര്‍, വിനോദ്, സജി, ശ്രീനിവാസന്‍, മോഹന്‍ദാസ്, മോഹനകൃഷ്ണന്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സലിം, ഹനീഫ, എസ് സിപിഒമാരായ ജിപ്സ്, വിജയകുമാര്‍, രാജീവ്, പ്രശോബ്, സിപിഒമാരായ സുബിന്‍, ശ്യാമ, ഡ്രൈവര്‍ ഷിഹാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതിസംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിനെ ബന്ധപ്പെടാം.
ടോൾ ഫ്രീ നമ്പർ: 1064. ഫോൺ: 8592900900: വാട്സാപ്പ് നമ്പർ: 9447789100.
Summary: A sub-registrar’s office employee was arrested while buying bribery