വാക്കേറ്റത്തിനൊടുവില്‍ കയ്യാങ്കളി; വടകരയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം


വടകര: അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു. ബീഹാർ സ്വദേശി സിക്കന്തർ കുമാറാണ് സംഘര്‍ഷത്തിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടകര ജെ.ടി റോഡിലെ ജെ.ടി ടൂറിസ്റ്റ് ഹോമിന് മുകളില്‍ നിന്ന് ഏറ്റ്മുട്ടലിനിടെ ഇരുവരും താഴോട്ട് വീഴുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പരിസരത്തുണ്ടായിരുന്നവർ ഇരുവരെയും വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സിക്കന്തർ കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നതായി പരിസരത്തെ സ്ഥാപനങ്ങളിലുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ താഴേക്ക് പതിക്കുന്നത് മാത്രമാണ് സിസിടിവി ദൃശ്യത്തിലുള്ളത്. അത് പോലീസ് പരിശോധിച്ച് വരികയാണ്.