നാദാപുരം വാണിമേലില്‍ വാഹനാപകടം; ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


നാദാപുരം: വാണിമേൽ പുഴ മൂലയിലുണ്ടായ വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാദാപുരം ഈയ്യങ്കോട്ടെ മീത്തലെ പറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ ഇസ്മയിൽ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികനെ ആശുപത്രിിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

വിലങ്ങാട് നിന്നും വടകരക്ക് പോവുന്ന സെൻസെബിൽ എന്ന ബസും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ​പരിക്കേറ്റ ബെെക്ക് യാത്രികരായ രണ്ട് പേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇസ്മയിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ആൾ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണെന്ന് വളയം പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അപകടത്തിൽ ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ഇസ്മയിന്റെ മൃതദേഹം നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.