”2020ല്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 27ലക്ഷം രൂപ, 10ലക്ഷം 2016ല്‍ നല്‍കി” കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമരം ചെയ്യുന്ന കൊല്ലം ആനക്കുളം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പയ്യോളി: യു.പി സ്‌കൂളില്‍ അധ്യാപികയായി നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപയാണ് കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മാനേജറായിരുന്ന അഷ്‌റഫ് കൈപ്പറ്റിയതെന്ന് വഞ്ചിക്കപ്പെട്ട ഉദ്യോഗാര്‍ഥി ശ്യാമിലി. 27 ലക്ഷം രൂപയാണ് പോസ്റ്റിനുവേണ്ടി ആകെ ആവശ്യപ്പെട്ടതെന്നും കൊല്ലം ആനക്കുളം സ്വദേശിനിയായ ശ്യാമിലി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

”2018 ഏപ്രിലില്‍ പത്തുലക്ഷം രൂപയാണ് ഞാന്‍ കൊടുത്തത്. യു.പി സ്‌കൂള്‍ അധ്യാപികയായാണ് നിയമനം നല്‍കാമെന്ന് പറഞ്ഞത്. ഞാന്‍ എം.എസ്.സി ബി.എഡാണ്. സയന്‍സിന്റെ അധ്യാപികയെന്ന പോസ്റ്റിലേക്കാണ് നിയമനം പറഞ്ഞിരുന്നത്. ഹയര്‍സെക്കണ്ടറി വരെ പോകാമെന്ന് വാഗ്ദാനം നല്‍കി 27ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 2020ല്‍ നിയമനം നല്‍കാമെന്നാണ് പറഞ്ഞിരുന്നു. എന്നാല്‍ ഇതേ പോസ്റ്റിലേക്ക് തന്നെ സയന്‍സ് വിഷയം പഠിച്ചവരായ പല ആളുകളില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. 2016 മുതല്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. അപ്പോഴത്തെ മാനേജര്‍ ആയിരുന്ന അഷ്‌റഫാണ് പണം വാങ്ങിത്തുടങ്ങിയത്.”

നിയമനത്തിന്റെ കാര്യം ചോദിക്കുമ്പോഴെല്ലാം അടുത്തവര്‍ഷം തരാം ഒരാള്‍ ഒഴിയാനുണ്ട് എന്നൊക്കെ പറഞ്ഞ് നീട്ടിനീട്ടി കൊണ്ടുപോകുകയാണ് ചെയ്തതെന്നും ശ്യാമിലി പറയുന്നു. 2020 വീണ്ടും പത്തുലക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് അഷ്‌റഫ് മാനേജര്‍ സ്ഥാനത്തുണ്ടായിരുന്നില്ല. ഇയാള്‍ മാനേജര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞശേഷവും പലരില്‍ നിന്നും നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

അവിടെയുള്ള അധ്യാപകരില്‍ പലരുമായും സംസാരിച്ചപ്പോഴാണ് അങ്ങനെ ഒരു ഒഴിവ് അവിടെയില്ലെന്ന് മനസിലായത്. അഷ്‌റഫിന്റെ വീടിന്റെ തൊട്ടടുത്തുള്ള ആള് വരെയുണ്ട് വഞ്ചിക്കപ്പെട്ടവരുടെ കൂട്ടത്തില്‍. അയാളില്‍ നിന്ന് 17ലക്ഷമാണ് വാങ്ങിയത്.

ഈ ഫണ്ടുകളെല്ലാം സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനും മറ്റുമായി ചെലവഴിച്ചുപോയെന്നും ഇപ്പോള്‍ പണം തിരിച്ചുനല്‍കാന്‍ കഴിയില്ലെന്നും പഴയ മാനേജര്‍ മാറിപ്പോയെന്നുമാണ് ഇപ്പോഴത്തെ മാനേജര്‍ പറയുന്നത്. സ്‌കൂള്‍ കുടുംബ സ്വത്താണ്. മുന്‍മാനേജറുടെ സഹോദരിയാണ് ഇപ്പോള്‍ മാനേജര്‍ സ്ഥാനത്തുള്ളത്. ഞങ്ങള്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ പുതിയ മാനേജ്‌മെന്റില്‍ നിന്നും അനുകൂലമായ യാതൊരു നീക്കവുമുണ്ടാകാതായതോടെയാണ് സമരരംഗത്തിറങ്ങിയതെന്നും ശ്യാമിലി പറയുന്നു.

നിയമനം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ആരോപിച്ച് രണ്ടേമുക്കാല്‍ കോടിയോളം രൂപയാണ് പലരില്‍ നിന്നായി അഷ്‌റഫ് കൈപ്പറ്റിയതെന്നാണ് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ജൂണ്‍ ഒന്ന് മുതലാണ് സംയുക്ത സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുമ്പില്‍ ഉദ്യോഗാര്‍ഥികള്‍ പന്തലുകെട്ടി സമരം ആരംഭിച്ചത്.