പീച്ചി ഡാം റിസർവോയറിൽ വീണ പെൺുട്ടികളിൽ ഒരാൾ മരിച്ചു; മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ


തൃശ്ശൂർ: പീച്ചി ഡാം റിസർവോയറിന്റെ കൈവഴിയിലെ വെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന പെൺകുട്ടികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. പുലർച്ചെ 12.30 ഓടെയാണ് അലീനയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്.

പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു 2.30 ന് ആണ് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു നിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ.

പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീഴുകയായിരുന്നു.. ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെല്ലാം തൃശൂർ‌ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്.