ജീവനക്കാര്‍ ചായകുടിക്കാന്‍ പോയ സമയത്ത് മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുമായി മുങ്ങി യുവാവ്; നിമിഷനേരം കൊണ്ട് പിടികൂടി പോലീസ്


കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്റില്‍ നിന്നും ജീവനക്കാര്‍ ചായകുടിക്കാന്‍ പോയ സമയത്ത് ബസുമായി കടന്നു കളഞ്ഞ് യുവാവ്. അധികം വൈകാതെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. കണ്ണൂര്‍ -കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുമായാണ് യുവാവ് കടന്നത്. ജീവനക്കാര്‍ ചായകുടിച്ച് തിരിച്ചെത്തിയപ്പോള്‍ ബസ് കാണാത്തതിനെത്തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍റൂമില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നഗരത്തിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ച് ബസ് പോയ വഴി മനസ്സിലാക്കി. പിന്നാലെ, ട്രാഫിക് പോലീസും നടക്കാവ് പോലീസും ചേര്‍ന്ന് നടക്കാവ് ഭാഗത്തുവെച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ ബസ് മാനാഞ്ചിറ വഴി കണ്ണൂര്‍ റോഡിലൂടെ ഓടിച്ച് പോവുകയായിരുന്നു.

ബസോടിച്ചിരുന്ന ആളോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കൂടുതല്‍ കാര്യങ്ങളന്വേഷിച്ചപ്പോള്‍ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

നേരത്തേ കോഴിക്കോട് -കണ്ണൂര്‍ റൂട്ടിലെ ബസ് ഡ്രൈവറായിരുന്നു ഇയാളെന്നും ചൊക്ലി സ്വദേശിയാണെന്നുമാണ് പോലീസ് പറയുന്നത്.