കല്പത്തൂരില്‍ കുറുക്കന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; നാട്ടുകാര്‍ ആശങ്കയില്‍


പേരാമ്പ്ര: നാട്ടുകാരെ ആശങ്കയിലാക്കി കല്പത്തൂരില്‍ കുറുക്കന്റെ ആക്രമണം. കല്പത്തൂരിലെ ഏരത്ത്കണ്ടി ജയനെയാണ് കുറുക്കന്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

കല്പത്തൂര്‍ ജുമാ മസ്ജിദ് കരിങ്ങാറ്റി അമ്പലം റോഡില്‍ വെച്ചായിരുന്നു ജയനെ കുറുക്കന്‍ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ വരുമ്പോഴാണ് സംഭവം. ജയന്റെ ഇടപെടല്‍മൂലമാണ് വിദ്യാര്‍ഥികള്‍ അക്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്.

താഴെ കരുവോത്ത് ലീല അമ്മയുടെ പശുക്കിടാവിനും കുറുക്കന്റെ കടിയേറ്റു. പകല്‍സമയത്തുപോലും ഇവിടെ കുറുക്കന്മാര്‍ എത്തുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് പേയിളകിയ ആടിനെ കുത്തിവെച്ച് കൊന്നിരുന്നു.