സംരഭകത്വ ശില്‍പശാല സംഘടിപ്പിച്ച് ചങ്ങരോത്ത് പഞ്ചായത്ത്


പേരാമ്പ്ര: വ്യവസായ-വാണിജ്യ വകുപ്പിന്റെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ടി.പി റീന അധ്യക്ഷത വഹിച്ചു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. പേരാമ്പ്ര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ മിഥുന്‍ ആനന്ദ്, പേരാമ്പ്ര എഫ്.എല്‍.സി കൗണ്‍സിലര്‍ അല്‍ഫോണ്‍സ, ചെറുകിട സംരംഭങ്ങളുടെ ഉപദേഷ്ടാക്കളായ പി.പി ധന്യ, ഷിജി ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു.

പഞ്ചായത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 100 പേരാണ് ശിൽപശാലയിൽ പങ്കെടുത്തത്. ഈ വർഷം 250 സംരഭങ്ങൾ പഞ്ചായത്തിൽ ആരംഭിക്കുന്നതിനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്

സ്ഥിരംസമിതി അധ്യക്ഷരായ എം അരവിന്ദാക്ഷന്‍, ടി.കെ ശൈലജ, പാളയാട്ട് ബഷീര്‍, പഞ്ചായത്തംഗങ്ങളായ കെ.വി അശോകന്‍, മുബഷീറ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനിത എന്നിവര്‍ സംസാരിച്ചു.