പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: പേരാമ്പ്ര മണ്ഡലത്തില്‍ വടക്കുമ്പാട് എച്ച്.എസ്.എസ്.എസിന് മാത്രം ഒരു ബാച്ച്, ആരോപണവുമായി മുസ്ലീംലീഗ്


പേരാമ്പ്ര: സംസ്ഥാനതലത്തില്‍ പുതുതായി പ്ലസ്ടു അധിക ബാച്ചുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പാലേരി വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരു ബാച്ച് അനുവദിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് കോമ്പിനേഷനിലുള്ള ബാച്ചാണ് അനുവദിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ള കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി നിന്നും മാറ്റിയ ബാച്ചിന് പകരം പുതിയ ബാച്ച് അനുവദിച്ചിട്ടില്ല. എന്നാല്‍ കുറ്റ്യാടി മണ്ഡലത്തില്‍ നാല് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.

പേരാമ്പ്ര മണ്ഡലത്തില്‍ ഒരു ബാച്ച് മാത്രം അനുവദിച്ചത് കൊണ്ട് സീറ്റ് ക്ഷാമം പരിഹരിക്കാന്‍ കഴിയില്ലെന്ന് ആരോപിച്ച് മുസ്ലീംലീഗ് നേതാക്കള്‍ രംഗത്ത് വന്നു. സീറ്റ് ലഭിക്കാത്ത 917 കുട്ടികളില്‍ 50 പേര്‍ക്ക് മാത്രമാണ് വര്‍ധനവിലൂടെ സീറ്റ് ലഭിക്കുകയുള്ളൂവെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. സ്ഥലം എം.എല്‍.എ കാര്യക്ഷമമായി ഇടപെടാത്തതാണ് അവഗണനക്ക് കാരണമെന്ന് യൂത്ത് ലീഗ് കൂട്ടിച്ചേര്‍ത്തു.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ശിഹാബ് കന്നാട്ടി, കെ.സി. മുഹമ്മദ്, സലിം മിലാസ്, കെ.കെ. റഫീഖ്, സത്താര്‍ കീഴരിയൂര്‍, സി.കെ. ജറീഷ്, ടി.കെ. നഹാസ്, ഷംസുദ്ദീന്‍ വടക്കയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.