ബാലുശ്ശേരി മണ്ഡലത്തില്‍ ഒരു വാര്‍ഡില്‍ ഒരേക്കര്‍ മഞ്ഞള്‍ക്കൃഷി; ലക്ഷ്യമിടുന്നത് 160 വാര്‍ഡുകളിലും കൃഷി വ്യാപിപ്പിക്കാന്‍


ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ മഞ്ഞള്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത അധ്യക്ഷത വഹിച്ചു.

മണ്ഡലത്തിലെ 160 വാര്‍ഡുകളിലും മഞ്ഞള്‍കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. മഞ്ഞള്‍ കൃഷിയും കീടനിയന്ത്രണവും എന്ന വിഷയത്തില്‍ ഭാരതീയ സുഗന്ധവിള വികസന ഡയറക്ട്രേറ്റ് പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.സി.കെ തങ്കമണി ക്ലാസെടുത്തു.

തുടക്കത്തില്‍ ഒരു വാര്‍ഡില്‍ ഒരു ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുകയാണ് ലക്ഷ്യം. രണ്ട് പഞ്ചായത്തുകളിലാണ് കൃഷി ആരംഭിക്കുക. ഔഷധ ഗുണം ഏറെയുള്ള മഞ്ഞളിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉത്പാദനവും വിപണനവും ലക്ഷ്യം വെക്കുന്നു.

ബാലുശ്ശേരി മണ്ഡലം വികസന സെമിനാറിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മണ്ഡലത്തില്‍ ഒരു പ്രധാന വിള തെരെഞ്ഞെടുക്കാനും എല്ലാ വാര്‍ഡുകളിലും പ്രസ്തുത വിളകള്‍ കൃഷി ചെയ്യുന്നതിനും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനും നിര്‍ദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 160 വാര്‍ഡുകളില്‍ നിന്നായി 200 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ മാസ്റ്റര്‍, അടക്ക സുഗന്ധ വിള വികസന ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണത്തെക്കുറിച്ച് മണ്ഡലം കാര്‍ഷികസമിതി പ്രതിനിധി ശശി കോലോത്ത് വിശദീകരിച്ചു. ബാലുശ്ശേരി മണ്ഡലം വികസനസമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍ സ്വാഗതവും ബാലുശ്ശേരി എ.ഡി.എ മുഹമ്മദ് ഫൈസല്‍ നന്ദിയും പറഞ്ഞു.