വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും; രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കും


ഒഞ്ചിയം: വിലങ്ങാട്, വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും വീടും നഷ്ടമായവര്‍ക്ക് സഹായവുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തും. വയനാടും, വിലങ്ങാടും ഓരോ കുടുംബത്തിന്‌ വീടും അടിസ്ഥാന സൗകര്യവും ഒരുക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അവതരിച്ച പ്രമേയം ഐകകണേ്ഠന പാസാക്കി.

സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. തുടര്‍ന്ന് സമയബന്ധിതമായി വീട് നിര്‍മ്മിച്ച് കുടുംബത്തിന് കൈമാറാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമെന്നും പ്രസിഡന്റ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാരില്‍ നിന്നും വീട് നിര്‍മ്മിച്ച് നല്‍കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ പഞ്ചായത്ത് ഭരണസമിതി ഒരു ലക്ഷം രൂപ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംഭാവന നല്‍കിയിട്ടുണ്ട്.

വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷരായ സുധീര്‍ മഠത്തില്‍, ശാരദ വത്സന്‍, അംഗങ്ങളായ ഗോപാലകൃഷ്ണന്‍, ജൗഹര്‍ വെള്ളികുളങ്ങര, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എം.പി രജുലാല്‍ എന്നിവര്‍ സംസാരിച്ചു.