പതിവ് തെറ്റിയില്ല, ചുവന്ന പട്ടുടുത്ത്, കുടമണി കിലുക്കി, മിണ്ടാതെ അവരെത്തി; കടത്തനാട്ടിലെ വീടുകളിൽ ഐശ്വര്യത്തിന്റെ വരവറിയിച്ച് ഓണപ്പൊട്ടന്മാര്‍
വടകര: കുടമണി കിലുക്കി, ഓലക്കുട ചൂടി കടത്തനാട്ടിലെ നാട്ടുവഴികളില്‍ ഓണപ്പൊട്ടന്മാര്‍ എത്തിത്തുടങ്ങി. മലബാറുകാരെ സംബന്ധിച്ച് ഓണമെന്നാല്‍ ഓണപ്പൊട്ടനാണെല്ലാം. ഒരുതരത്തില്‍ പറഞ്ഞാല്‍ മലബാറുകാരുടെ മഹാബലി തമ്പുരാനാണ് ഓണപ്പൊട്ടന്‍. ഉത്രാടം നാളില്‍ മണികിലുക്കി ഓടി വരുന്ന ഓണപ്പൊട്ടന്മാര്‍ നാട്ടുമ്പുറത്തെ മനോഹരമായ ഓണകാഴ്ചകളിലൊന്നാണ്.
നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തിന് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച ശേഷമാണ് ഓരോ ഓണപ്പൊട്ടന്മാരും വേഷം കെട്ടി തുടങ്ങുക. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ വീട്ടിലുള്ളവരുടെ അനുഗ്രഹം വാങ്ങി പ്രജകളെ കാണാനായി പുറപ്പെടും. വേഷം കെട്ടിക്കഴിഞ്ഞാല്‍ പിന്നെ വൈകിട്ട് വീട്ടിലെത്തുന്നതുവരെ ഓണപ്പൊട്ടന്മാര്‍ സംസാരിക്കില്ല.
പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ രണ്ടു ദിവസമെത്തുന്ന മഹാബാലി ആരോടും ഒന്നും സംസാരിക്കരുതെന്ന് മഹാവിഷ്ണു നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ് ഓണപ്പൊട്ടന്മാര്‍ ആരോടും സംസാരിക്കാതെ വീടുകള്‍ കയറിയിറങ്ങുന്നത് എന്നാണ് ഐതീഹ്യം. രണ്ടു ദിവസത്തെ ഗൃഹസന്ദര്‍ശനത്തില്‍ ഓണപ്പൊട്ടന്മാര്‍ക്കൊപ്പം ഒരു സഹായിയും കൂടെയുണ്ടാകും. മലയസമുദായക്കാരാണ് ഓണപ്പൊട്ടന്റെ വേഷം കെട്ടുന്നവരില്‍ പ്രധാനികള്‍. സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് പ്രജകളെ കണ്ടു തീര്‍ക്കണമെന്നതിനാല്‍ മണിയും കിലുക്കി ഓടിയാണ് ഓരോ വീടും ഓണപ്പൊട്ടന്മാര്‍ കയറിയിറങ്ങുന്നത്.
ഓണപ്പൊട്ടന്മാരുടെ മണിക്കിലുക്കം ദൂരെ നിന്ന് കേള്‍ക്കുമ്പോള്‍ തന്നെ വീടുകളില്‍ നാഴിയില്‍ അരിയും വിളക്കും കത്തിച്ച് ആളുകള്‍ കാത്തിരിക്കും. വീട്ടിലെത്തിയ ഓണപ്പൊട്ടന്‍ നാഴിയില്‍ നിന്ന് ഒരുപിടി അരിയെടുത്ത് വിളക്കിലേക്ക് ചാര്‍ത്തും. ശേഷം അരി മുഴുവന്‍ കൈയില്‍ കൊണ്ടുവന്ന തോള്‍ സഞ്ചിയിലാക്കും. തോള്‍ സഞ്ചിക്ക് തൊക്കാമ്പ് എന്നാണ് പേര്.
കുരുത്തോല കൊണ്ടുള്ള പനയോലക്കുട, കുടമണി, ചുവപ്പ് കച്ചമുണ്ട്, കിരീടം, ചാമരം, മുടി, മുന്നാക്ക് തുടങ്ങിയവയാണ് ഓണപ്പൊട്ടന്റെ വേഷം. ഓരോ ഓണപ്പൊട്ടനും 150-200 വീടിനടുത്ത് ഒരു ദിവസം സഞ്ചരിച്ച് അനുഗ്രഹം നല്‍കും. ഓണപ്പൊട്ടന്‍ വീടിന് ചുറ്റും ഓടിയാല്‍ പ്രജകള്‍ക്ക് ഐശ്വര്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
കുറ്റ്യാടി നിട്ടൂർ ഭാഗത്തെ ഓണപ്പൊട്ടൻമാർ വേഷം കെട്ടിയ ശേഷം പന്തീരടി തറവാട്ടിലാണ് ആദ്യം എത്തുക. നിട്ടൂർ ശിവക്ഷേത്രത്തിനു മുന്നിൽ തൊഴുത് വണങ്ങിയ ശേഷം പന്തീരടി തറവാട്ടിലെ കാരണവരിൽ നിന്നു കോടിയും ദക്ഷിണയും വാങ്ങിയ ശേഷമാണ് പ്രദേശത്തെ മറ്റു വീടുകളിൽ പോകുക.
Description: Onapottans herald the arrival of prosperity in the homes of Kadthanad