ഹരിതകർമ സേനാംഗങ്ങൾക്ക് ഓണസമ്മാനം; 1000 രൂപ ഉത്സവ ബത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകർമ സേനാംഗങ്ങൾക്കും ഓണം ആഘോഷിക്കാൻ ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ച് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയ്ക്ക് അനുമതി നൽകി ഉത്തരവായി.
2023-ലും ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയിൽ ഈ വർഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ സർക്കാരിന് കത്തു നൽകിയത് പരിഗണിച്ചാണ് നടപടി.സംസ്ഥാനത്തെ പൊതുമേഖല ജീവനക്കാർക്കും 4000 രൂപ ബോണസ് നൽകും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയായി നൽകും.
സർവീസ് പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. കരാർ, സ്‌കീം തൊഴിലാളികൾക്കും കഴിഞ്ഞ വർഷത്തെ ഉത്സവബത്ത ലഭിക്കും.എല്ലാ ജീവനക്കാർക്കും 20000 രൂപ അഡ്വാൻസ് എടുക്കാം. ഇത് തവണകളായി തിരിച്ചെടുക്കും. ഓണം അഡ്വാൻസ് 25000 രൂപയും ഉത്സവബത്ത 3000 രൂപയെങ്കിലും ആക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.