ഓണത്തിരക്ക്; മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഓണത്തിരക്ക് പ്രമാണിച്ച് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് മുതലാണ് ഓടിത്തുടങ്ങുന്നത്. 16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികൾ.

സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല. ഓഗസ്റ്റ് 20 , 22 , 25 , 27 , 29 , സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ സർവീസ്. രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സർവീസ്.

കൊച്ചുവേളിയിൽ നിന്നുള്ള മടക്കയാത്ര ഓഗസ്റ്റ് 21 , 23 , 26 , 28 , 30 , സെപ്റ്റംബർ രണ്ട് , നാല് , ആറ് , ഒൻപത് , 11 , 13 , 16 , 18 തീയതികളിലാണ്. വൈകീട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10:30ന് ബെംഗളൂരുവിലെത്തും. കേരളത്തിൽ 11 സ്റ്റോപ്പുകളാണ് സ്പെഷ്യൽ ട്രെയിനുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണിത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും. അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ ഇത്തവണ കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ്.

Description:Onam Special trains have been announced for the Malayalees to come home