അമ്മയ്ക്കും കുഞ്ഞിനും കനിവേകി ‘108’ ആംബുലന്‍സ്; ആശുത്രിയിലേക്കുള്ള യാത്രാമധ്യേ ആണ്‍കുഞ്ഞിന് ജന്മം നല്‍കി കുറ്റിക്കാട്ടൂര്‍ സ്വദേശിനി
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതി കനിവ് 108 ആംബുലന്‍സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് കൊണ്ടട മീത്തല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ 27 കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് വിഷ്ണു ആര്‍.വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ജീന ഷെബിന്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് തിരിച്ചു.
യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ജീന ഷെബിന്റെ പരിചരണത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി ഇരുവരെയും കോഴിക്കോട് ഐ.എം.സി.എച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. യുവതിയുടെ മൂന്നാമത്തെ കുട്ടിയാണ് ഇത്.