താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകവെ വേദന കൂടി; ഒടുവില്‍ ആംബുലന്‍സ് പ്രസവമുറിയായി; കൊയിലാണ്ടി സ്വദേശിനിയ്ക്ക് ആംബുലന്‍സില്‍ ‘സുഖപ്രസവം’


കൊയിലാണ്ടി: ‘എത്രയും പെട്ടന്ന് മെഡിക്കല്‍ കോളേജിലേക്ക് എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, എന്നാല്‍ യാത്രാമധ്യേ തന്നെ യുവതിക്ക് പ്രസവ വേദന കൂടി’, ഒടുവില്‍ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടയില്‍ 108 ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. കുറുവങ്ങാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് ഇന്ന് 108 ജീവനക്കാരുടെ പരിചരണത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

‘ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് കണ്ട്രോള്‍ റൂമിലേക്ക് വിളി വരുന്നത്, ഉടനെ തന്നെ അവിടെ നിന്ന് ഞങ്ങള്‍ക്ക് കോള്‍ എത്തി, ഗര്‍ഭിണിയായ യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തിട്ടുണ്ട്, ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോവുക എന്നതായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച സന്ദേശം’ ആംബുലന്‍സ് പൈലറ്റ് സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ആംബുലന്‍സ് മെഡിക്കല്‍ എമര്‍ജന്‍സി ടെക്നിഷ്യന്‍ വിഷ്ണു പ്രസാദും ആംബുലന്‍സ് പൈലറ്റ് സുനിലും ഉടനെ തന്നെ യുവതിയുമായി മെഡിക്കല്‍ കോളേജിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ ബൈപാസ്സിന് സമീപമെത്തിയപ്പോഴേക്കും യുവതിക്ക് വേദന കൂടുകയും തുടര്‍ന്ന് ആംബുലന്‍സ് ടെക്നീഷ്യന്റെ പരിചരണത്തില്‍ അഞ്ചരയോടെ യുവതി കുഞ്ഞിന് ജന്മം നല്‍കി. ആരോഗ്യവാനായ ഒരു ആണ്‍കുട്ടി.

തുടര്‍ന്ന് വാഹനം ഒതുക്കിയിട്ട് ബാക്കി കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. ആംബുലന്‍സില്‍ അടിയന്തര സാഹചര്യത്തിന് വേണ്ട എല്ലാ കിറ്റുകളും ഉണ്ടായിരുന്നു എന്ന് ഡ്രൈവര്‍ പറഞ്ഞു. ഇവരോടൊപ്പം സഹായത്തിനായി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള നഴ്‌സിങ് അസിസ്റ്റന്റ് ഷൈമയും ഉണ്ടായിരുന്നു.

‘നിരവധി തവണ എമര്‍ജന്‍സി കേസുകളുമായി പോയിട്ടുണ്ടെങ്കിലും ആംബുലന്‍സിനുള്ളില്‍ പ്രസവം നടക്കുന്നത് തന്റെ ആദ്യത്തെ അനുഭവമാണെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഥമ ശുശ്രുഷയ്ക്കു ശേഷം അമ്മയ്ക്കും കുഞ്ഞിനുമൊപ്പം ആംബുലന്‍സ് വീണ്ടും കുതിച്ചു, മെഡിക്കല്‍ കോളേജില്‍ സുരക്ഷിതമായി എത്തിക്കാന്‍.

Summary: On going from Koyilandy taluk hospital to medical college the pain increased; Eventually the ambulance became the delivery room for KoyilandyY women