പി.ടി.ഉഷ പാര്‍ലമെന്റിലേക്ക്; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് നരേന്ദ്ര മോദി


കൊയിലാണ്ടി: ഒളിമ്പ്യന്‍ പി.ടി.ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയുടെ കായികരംഗത്തെ നേട്ടങ്ങള്‍ വളരെ അറിയപ്പെടുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും അതേപോലെ പ്രശംസനീയമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയോടൊപ്പമുള്ള ചിത്രവും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പയ്യോളി സ്വദേശിനിയായ പി.ടി.ഉഷ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായിരുന്നു. 1980 ല്‍ പതിനാറാം വയസിലായിരുന്നു ഉഷ തന്റെ ആദ്യ ഒളിമ്പിക്‌സ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മോസ്‌കോ ഒളിമ്പിക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പ്രിന്റര്‍ എന്ന റെക്കോര്‍ഡും ഉഷയ്ക്കായിരുന്നു.

1982 ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറുമീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കി.1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സ് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും മറക്കാനാകില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി.ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്സായിരുന്നു അത്.

1985 ലും 1986 ലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകത്തിലെ മികച്ച എട്ട് അത്‌ലറ്റുകളില്‍ ഒരാളായി രാജ്യാന്തര അത്‌ലറ്റിക് സംഘടന ഉഷയെ തിരഞ്ഞെടുത്തിരുന്നു. 1983 ല്‍ അര്‍ജുന പുരസ്‌കാരം ഉഷയെ തേടിയെത്തി. 1985 ല്‍ പത്മശ്രീ ലഭിച്ചു. ലോക അത്‌ലറ്റിക്‌സിനു നല്‍കിയ സമഗ്രവും മഹത്തരവുമായ സംഭാവനയ്ക്ക് പി.ടി.ഉഷയെ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍സ് ‘വെറ്ററന്‍ പിന്‍’ നല്‍കി ആദരിച്ചത് ഈ അടുത്തകാലത്താണ്. 2000 ല്‍ അന്താരാഷ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിരമിച്ചു. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ് നടത്തുന്നു.

മോദിയുടെ ട്വീറ്റ്: