നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ഫലംകണ്ടു; ദേശീയപാതയില്‍ തിക്കോടി മിനി അടിപ്പാതയ്ക്ക് ഔദ്യോഗിക അനുമതി
തിക്കോടി: തിക്കോടി ടൗണില്‍ അണ്ടര്‍പ്പാസ് നിര്‍മ്മിക്കാന്‍ ഔദ്യോഗിക അനുമതി. നാഷണല്‍ ഹൈവേ അതോറിറ്റി ഡി.ജി.എം ആന്റ് പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ആശ്രയിക്കാവുന്ന ബോക്‌സ് സ്ട്രക്ചറാണ് പാലൂര്‍ ചിങ്ങപുരം റോഡിന് സമീപത്തായി നിര്‍മ്മിക്കുകയെന്നാണ് അറിയിച്ചത്. വലിയ വാഹനങ്ങള്‍ക്ക് ഏതാണ്ട് ഒരുകിലോമീറ്റര്‍ ഇപ്പുറമുള്ള തിക്കോടി പഞ്ചാത്ത് ഓഫീസിന് സമീപത്തെ അടിപ്പാതയെ ആശ്രയിക്കാം. 5x 2.5മീറ്റര്‍ വലിപ്പത്തിലാണ് അടിപ്പാത നിര്‍മ്മിക്കുക.

രണ്ടരവര്‍ഷത്തിലേറെയായി തിക്കോടിക്കാര്‍ അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് സമരത്തിലാണ്. വ്യത്യസ്ത സമരമുറകളിലൂടെ അധികൃത ശ്രദ്ധ നേടിയെടുക്കുന്നതിന് കര്‍മ്മസമിതിക്ക് കഴിഞ്ഞിരുന്നു. കര്‍മ്മസമിതിയ്ക്ക് പിന്തുണയുമായി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, വടകര എം.പി ഷാഫി പറമ്പില്‍ തുടങ്ങിയ ജനപ്രതിനിധികളും ശക്തമായി ഈ ആവശ്യത്തിനൊപ്പം നിന്നിരുന്നു.