കലോത്സവ ലഹരിയില്‍ കൂരാച്ചുണ്ട് ഗ്രാമം; താളമേളങ്ങളുടെ ഉത്സവമായ പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് ഔദ്യോഗിക തുടക്കം


കൂരാച്ചുണ്ട്: വിദ്യാലയങ്ങള്‍ പോലും ലഹരിയുടെ മായാവലയത്തില്‍ അകപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോഴുള്ളത്. ലഹരിയെന്ന ഭീകരമായ സത്വത്തെ നേരിടാനുള്ള ഉപകരണങ്ങളാക്കി മാറ്റണം കലോത്സവങ്ങളെന്ന് എം.കെ രാഘവന്‍ എംപി പറഞ്ഞു. കൂരാച്ചുണ്ടില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റം ഇനിയും ഉണ്ടാകണം. ഈ രംഗത്ത് എടുത്ത് മാറ്റേണ്ടത് എടുത്തു മാറ്റുകയും പരിഷ്‌കരിക്കേണ്ടത് പരിഷ്‌കരിക്കുകയും വേണം. ഒരു വര്‍ഷത്തില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരളത്തിന് പുറത്ത് പഠനത്തിനായി പോകുന്നത്. അതിനാല്‍ കേരളത്തില്‍ അതനുസരിച്ചുള്ള മാറ്റം ഉണ്ടാകണമെന്നും അദേഹം പറഞ്ഞു.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ലൗലി സെബാസ്റ്റ്യന്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, വൈസ് പ്രസിഡന്റ് ടി.എം ശശി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, പഞ്ചായത്തംഗങ്ങളായ ഒ.കെ അമ്മദ്, ഡാര്‍ളി അബ്രാഹം, സിമിലി ബിജു, ബ്ലോക്ക് മെമ്പര്‍ വി.കെ. ഹസീന, കെ.പി. ലീബ, വിജയന്‍ കിഴക്കയില്‍മീത്തല്‍, വി.പി നിത, ഫാ. വിന്‍സെന്റ് കണ്ടത്തില്‍, ആബിദ പുതുശേരി, കെ.പി രാജന്‍, പ്രധാന അധ്യാപകരായ ജേക്കബ് കോച്ചേരി, ബിജു മാത്യു, പി.ടി.എ പ്രസിഡന്റ് ജോബി വാളിയാപ്ലാക്കല്‍, ആദര്‍ശ് പുതുശേരി തുടങ്ങിയവര്‍ സംസാരിച്ചു.

കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത സാന്‍ജോ സണ്ണി കക്കയത്തെ പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി ഉപഹാരം നല്‍കി ആദരിച്ചു.

പത്തു വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 83 സ്‌കൂളുകളില്‍നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. പത്തിന് സമാപിക്കും.

summary: official inauguration of perambra sub-district arts festival