ഉദ്യോഗസ്ഥർ വിരമിച്ചാലും ചുമതല വഹിച്ച കാലയളവിലെ അപ്പീലിൽ ഹാജരാകണം; വിവരാവകാശ കമ്മീഷന്‍*


കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിരമിച്ചാലും അവർ വിവരാവകാശ ഓഫീസറുടെ ചുമതല നിർവഹിച്ച കാലയളവിൽ ഉണ്ടായ വിവരാവകാശ അപേക്ഷകളിൽ ഹാജരാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിരമിച്ചു കഴിഞ്ഞാൽ സർവീസ് കാലയളവിൽ വിവരാവകാശ ഓഫീസറുടെ ചുമതലയുള്ളപ്പോൾ ലഭിച്ച വിവരാവകാശ അപേക്ഷകളിന്മേൽ ഉത്തരവാദിത്തമില്ല എന്ന ധാരണ പലർക്കുമുണ്ട്. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ പരിഗണിച്ച 12 രണ്ടാം അപ്പീലുകളിൽ 11 എണ്ണവും തീർപ്പാക്കി. കെഎസ്ഇബിയുടെ അത്തോളി ഇലക്ട്രിക്കൽ സെക്ഷനിൽ സമയബന്ധിതമായി വിവരാവകാശ അപേക്ഷയിൽ മറുപടി നൽകിയതായി കാണാത്തതിനാൽ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ കമ്മിഷൻ വിളിച്ചുവരുത്തി.

കോഴിക്കോട് കോർപ്പറേഷൻ, പയ്യോളി മുനിസിപ്പാലിറ്റി, പട്ടികജാതി വികസന വകുപ്പ്, വടകര താലൂക്ക് സപ്ലൈ ഓഫീസ്, മലബാർ ദേവസ്വം ബോർഡ്, കുറ്റിക്കാട്ടൂർ വില്ലേജ് എന്നിവയ്ക്കെതിരെയാണ് ബുധനാഴ്ച നടന്ന രണ്ടാം അപ്പീൽ പരാതികൾ വന്നത്. സമയത്തിനുള്ളിൽ മറുപടി നൽകിയില്ല, അവ്യക്തമായ മറുപടി എന്നിവയാണ് പരാതികളിൽ ഭൂരിഭാഗവും. വിവരാവകാശ നിയമം അനുശാസിക്കുന്ന വിധം സമയത്തിനുള്ളിൽ വ്യക്തമായ മറുപടി ഉണ്ടായിട്ടില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കമ്മിഷൻ അറിയിച്ചു.

Description: Officers should appear on appeal during their tenure of office even if retired; Information Commission