വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം; ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം
കോഴിക്കോട്: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 2024 ഡിസംബർ മൂന്ന് വരെ സമർപ്പിക്കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലാണ് ആക്ഷേപങ്ങൾ സമർപ്പിക്കേണ്ടത്. ഫോൺ: 0471-2335030.
ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. നിർദ്ദിഷ്ട വാർഡിന്റെ അതിർത്തികളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.റ്റിയും ഈടാക്കിയാണ് നൽകുക.
ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും. ജില്ലാ കളക്ടർ മുഖേനയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുക. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരാതിക്കാരിൽ നിന്നും നേരിട്ട് വിവരശേഖരണം നടത്തും. ജില്ലാ കളക്ടർ വ്യക്തമായ ശുപാർശകളോടു കൂടി റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷന് സമർപ്പിക്കും. ആവശ്യമെങ്കിൽ പരാതിക്കാരെ നേരിൽ കേട്ട് കമ്മീഷൻ പരാതികൾ തീർപ്പാക്കും. അതിന് ശേഷം ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.