സ്‌കൂള്‍ കലോത്സവത്തിന് ചായക്കട നടത്തി; വരുമാനത്തില്‍നിന്ന് തുണിസഞ്ചികള്‍ നിര്‍മ്മിച്ച് വീടുകളില്‍ വിതരണം ചെയ്തു, മാതൃകാ പ്രവര്‍ത്തനവുമായി നൊച്ചാട് ഹയര്‍സെക്കന്‍ഡറിയിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍


പേരാമ്പ്ര: സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ചായക്കടയിലൂടെ പണം സ്വരൂപിച്ച് ആ പണം ഉപയോഗിച്ച് തുണിസഞ്ചികള്‍ വിതരണംചെയ്ത് എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ക്ലീന്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായാണ് തുണി സഞ്ചികള്‍ വിതരണം ചെയ്തത്. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ പത്താംവാര്‍ഡിലെ നൂറോളംവീടുകളില്‍ വിദ്യാര്‍ഥികള്‍ തുണിസഞ്ചികള്‍ നിര്‍മിച്ചു നല്‍കി.

വൊളന്റീയര്‍മാര്‍ തന്നെ തുണിവാങ്ങി സഞ്ചികള്‍ തുന്നിനല്‍കുകയായിരുന്നു. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാരയ്ക്കല്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ കെ. സമീര്‍ അധ്യക്ഷതവഹിച്ചു.

അയല്‍സഭ കണ്‍വീനര്‍ കെ. കണാരന്‍, സി.ഡി.എസ്. മെമ്പര്‍ കാഞ്ചന, ഫാദിയ ലെമിന്‍, ലിന്‍ഷാ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.