പഠനത്തോടൊപ്പം ശുചിത്വവും; നൊച്ചാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനയോടൊപ്പം എൻ.എസ്.എസ് വളണ്ടിയേഴ്സും വീടുകളിലേക്ക്


പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തും നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ ഭാഗമായി ഹരിത കർമ്മ സേനയോടൊപ്പം വീടുകളിലേക്ക് പരിപാടി സംഘടിപ്പിച്ചു. വെളളിയൂരിൽ സംഘടിപ്പിച്ച പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു എൻ.എസ്.എസ് വളണ്ടിയർ ഹരിതസേനയോടൊപ്പം ചുരുങ്ങിയത് 10 വീട് സന്ദർശിക്കും. ഒന്നാം ഘട്ട പ്രവർത്തനം എന്ന നിലക്ക് നൊച്ചാട് പഞ്ചായത്തിലെ 500 വീടുകൾ ഹരിതസേനയോടൊപ്പം സന്ദർശിച്ച് ബോധവൽക്കരണം നടത്തും.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ പി.ശ്രീജിത്ത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശുചിത്വമിഷൻ ആർ.പി ഷൈനി വി.പി കാര്യപരിപാടികൾ വിശദീകരിച്ചു. വാർഡ് മെമ്പർ അമ്പിളി, ഹരിതസേന സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ലിൻഷാ ഷെറിൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി സഹൽ എം.വി നന്ദിയും പറഞ്ഞു.

എം.എൽ.എയുടെ വീട്ടിലുള്ള തരം തിരിച്ച അജൈവ മാലിന്യം ശേഖരിച്ച് ക്യാമ്പയിൽ പ്രവർത്തനത്തിന് തുടക്കമായി. എൻ.എസ്.എസ് വളണ്ടിയേഴ്സ്, ഹരിത കർമ്മസേനാം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.