ഇത് നന്മ നിറഞ്ഞ പാഠം; പാലേരി മുഞ്ഞോറയിലെ ലിബിനയും അഭിനവും ഇനി സ്‌നേഹ വീടിന്റെ തണലില്‍


പേരാമ്പ്ര: പാലേരി മുഞ്ഞോറയിലെ ലിബിനയ്ക്കും അഭിനവിനും സ്‌നേഹവീടൊരുക്കി എന്‍.എസ്.എസ്. അച്ഛനെയും അമ്മയെയും കോവിഡ് കവര്‍ന്നെടുത്തതിനെത്തുടര്‍ന്ന് അനാഥരായ ലിബിനയ്ക്കും അഭിനവിനുമാണ് സ്‌നേഹവീടൊരുക്കി നല്‍കിയത്. ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷയിലായിരിക്കും.

വടക്കുമ്പാട് എച്ച്.എസ്.എസിലെ പൂര്‍വവിദ്യാര്‍ഥികളായ ഇവര്‍ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലായിരുന്നു. ചെറുപ്രായത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ഇവര്‍ക്ക് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തും വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് വീട് നിര്‍മിച്ചുനല്‍കിയത്. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. താക്കോല്‍ദാനം നിര്‍വഹിച്ചു.

ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. എന്‍.എസ്.എസ്. സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ മുഖ്യാതിഥിയായി. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എന്‍.പി. ജാനു, സെഡ്.എ. സല്‍മാന്‍, വടക്കുമ്പാട് എച്ച്.എസ്.എസ്. മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, സി.കെ. ഷൈജല്‍, എന്‍.കെ. രാജീവന്‍, ഇ. സലാം, സുജ, കെ.കെ. ബിജീഷ്, സി.കെ. ജയരാജന്‍, വാര്‍ഡ് മെമ്പര്‍ എം.കെ. ഫാത്തിമ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആര്‍. സീന എന്നിവര്‍ സംസാരിച്ചു.