ഇനി കളി മാറും; കായികരംഗത്തും ചുവടുറപ്പിക്കാനൊരുങ്ങി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി
വടകര: കായിക രംഗത്തും മികവ് തെളിയിക്കാൻ ഒരുങ്ങി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി. വിവിധ കായികയിനങ്ങളിൽ ടീമുകളെയും കായികപ്രതിഭകളെയും സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടക്കം കുറിച്ചു. എച്ച്എംടി, എഫ്എസിടി, കെഎസ്ഇബി, കെഎസ്ആർടിസി, എസ്ബിടി തുടങ്ങിയവയുടെ മാതൃകയിൽ വിവിധ കായികവിഭാഗങ്ങളിൽ കരുത്തുറ്റ ടീമുകളെ വളർത്തിയെടുക്കാനാണു പദ്ധതി.
ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദ്വിദിനകായികമേളയുടേ ഉദ്ഘാടനവേദിയിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണു പദ്ധതി പ്രഖ്യാപിച്ചത്. മറ്റു പല മേഖലകളിലും മികവ് തെളിയിച്ച യുഎൽസിസിഎസിന് കായിക മേഖലയിലും കയ്യൊപ്പ് ചാർത്താനാകും എന്നാണ് വിശ്വാസമെന്ന് രമേശൻ പാലേരി പറഞ്ഞു. നിലവിൽ ലീഗ് മത്സരങ്ങളിൽ കളിച്ച് പരിചയമുള്ളവർ ഉൾപ്പെടുന്ന മികച്ച ഫുട്‌ബോൾ ടീം സൊസൈറ്റിക്കുണ്ട്. കോ-ഓപ്പറേറ്റീവ് സോസൈറ്റികളുടെ 2022-ലെ ഫുട്‌ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനവും 2023-ൽ റണ്ണേഴ്‌സ് അപ്പും ഈ ടീം നേടിയിരുന്നു. ഇത്തരത്തിൽ മികച്ച ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ ടീമുകൾ രൂപീകരിക്കാനാണ് ആലോചന.

ടീം രൂപീകരണത്തോടനുബന്ധിച്ച് ദേശീയതലത്തിൽ ഉള്ള കോച്ചുകളടക്കം കായികരംഗത്തെ പല പ്രമുഖരുമായും ചർച്ച നടത്തിക്കഴിഞ്ഞു. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സൈറ്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരെ ഏകോപിപ്പിച്ച് പരിശീലിപ്പിക്കാനുള്ള ക്രമീകരണങ്ങൾ വികസിപ്പിക്കുകയാണ് സൊസൈറ്റി. ഇവർക്ക് മികച്ച പരിശീലനം ലഭ്യമാക്കി രാജ്യത്തിനു മുതൽക്കൂട്ടാകാവുന്ന താരങ്ങളെ സൃഷ്ടിച്ചെടുക്കുകയാണു ലക്ഷ്യം.