100ൽ വിളിച്ചാൽ പോലിസിനെ കിട്ടില്ല; സംസ്ഥാനത്ത് എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി ഒറ്റ നമ്പർ


തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ അടിയന്തര സേവനങ്ങൾക്കും ഇനി ഒറ്റ നമ്പർ. പൊലീസ്, ഫയർ, ആംബുലൻസ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇ.ആർ.എസ്.എസ് സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.