‘ഇനി ഞാനൊഴുകട്ടെ’ നീർച്ചാലുകളുടെ വീണ്ടെടുപ്പ്; മേപ്പയ്യൂരില്‍ സർവകക്ഷി യോഗം, 29ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം
മേപ്പയ്യൂർ: ജലസ്രോതസ്സുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തുതല സർവകക്ഷി യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ഡിസംബർ 29ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്താൻ യോഗത്തില്‍ തീരുമാനമായി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.ടി പ്രസാദ്, ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് എന്നിവർ ക്യാമ്പയിൻ വിശദീകരിച്ച് സംസാരിച്ചു. മൈത്രി നഗർ മുതൽ നരിക്കുനി വരെയുള്ള 2.100 കിലോമീറ്റർ ദൂരം ശുചീകരിച്ച് ജലത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിനും തോടിനോട് ചേർന്നുള്ള സഞ്ചാരപഥം കാടുമൂടി കിടക്കുന്നത് വീണ്ടെടുത്ത് സൗന്ദര്യവൽക്കരിക്കുന്നതിനും തടയണകൾ ഉൾപ്പെടെ നിർമ്മിച്ച് ജലം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
ആയിരത്തോളം ജനങ്ങളെ അണിനിരത്തി കൊണ്ട് ഏകദിന ശുചീകരണത്തിന് രാഷ്ട്രീയ സംഘടന പ്രതിനിധികൾ പൂര്‍ണ പിന്തുണയറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.പി ശോഭ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ വി.സുനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, അസിസ്റ്റന്റ് സെക്രട്ടറി വി.വി പ്രവീൺ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സൽന ലാൽ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Description: ‘Now let me flow’ recovery of streams; All party meeting in Mepayyur