ഇനി ഞാൻ ഒഴുകട്ടെ; നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് വടകര നഗരസഭയിൽ തുടക്കം


വടകര: നഗരസഭ ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇനി ഞാൻ ഒഴുകട്ടെ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് വടകര ന​ഗരസഭയിൽ തുടക്കമായി. മേപ്പയിൽ കാച്ചിവയൽ – എടക്കണ്ടി തോടുകളുടെ ശുചീകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം ചെയ്തു.

കാച്ചിവയൽ- എടക്കണ്ടി എന്നീ തോടുകളാണ് ശുചീകരണം നടത്തിയത്. വാർഡിലൂടെ 700 മീറ്ററോളം ദൂരത്തിലാണ് ഈ രണ്ടു തോടുകളും ഒഴുകി ബെമ്മിണി തോട്ടിലേക്ക് എത്തിച്ചേരുന്നത്. എടക്കണ്ടി തോടിനോട് ചേർന്ന് മറ്റൊരു ചെറിയ നീർചാലും കൂടി പരിപാടിയുടെ ഭാഗമായി ശുചീകരിച്ചു.നിലവിൽ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് തോടുകൾക്ക് ഉണ്ടായിരുന്നത്. കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കിയപ്പോൾ പല ഭാഗങ്ങളിലും വെള്ളം തടസ്സമില്ലാതെ ഒഴുകിത്തുടങ്ങി.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റൻറ് വിവേക് വിനോദ് പദ്ധതി വിശദീകരണം നടത്തി. ടിവി ഹരിദാസൻ, മുരളി ചേര്യമ്പത്ത്, കൃഷ്ണൻ മാസ്റ്റർ, പത്മനാഭൻ അരുണോദയം , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി ഷംന എന്നിവർ സംസാരിച്ചു. നഗരസഭയിലെ മുഴുവൻ നീർച്ചാലുകളും മാർച്ച് 30 ന് മുമ്പ് ജനകീയമായി ശുചീകരിച്ച് വീണ്ടെടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.