ഇനി പരീക്ഷക്കാലം; എസ്എസ്എൽസി പരീക്ഷയെഴുതുന്നത് നാലു ലക്ഷത്തിലധികം പേർ, കേരളത്തിൽ ആകെ 2964 പരീക്ഷാകേന്ദ്രങ്ങൾ


തിരുവനന്തപുരം: സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിലും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി പൊതുവിഭ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് മൂന്നിനു തുടങ്ങും.

4,25,861 കുട്ടികളാണ് ഇക്കുറി കേരളത്തിൽനിന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഗൾഫിലുള്ള ഏഴു പരീക്ഷാകേന്ദ്രങ്ങളിൽ 682 കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 447 കുട്ടികളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ ആകെ 2964 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വിതരണം ആരംഭിച്ചു.

ഐടി പ്രക്ടിക്കൽ പരീക്ഷ ഫെബ്രുവരി 1 മുതൽ 14 വരെയാണ് നടക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയാണ് നടത്തുന്നത്. 2964 സെന്ററുകളിൽ പരീക്ഷ നടത്താൻ 26,382 അധ്യാപകരെയാണ് ഇൻവിജിലേറ്റർമാരായി നിയോഗിച്ചിരിക്കുന്നത്. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ്. ഇതിനൊപ്പം ഇംപ്രൂവ്‌മെന്റ് പരീക്ഷയും നടക്കും. രണ്ടാം വർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയാണ് നടക്കുക. പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22ന് ആരംഭിച്ചു കഴിഞ്ഞു. മാതൃകാപരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയാണ് നടത്തുന്നത്. ഒന്നാം വർഷത്തിൽ 3,88,758 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,75,173 കുട്ടികൾ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നുണ്ട്. രണ്ടാം വർഷത്തിൽ 4,45,478 കുട്ടികളും പരീക്ഷയ്ക്കായി തയാറെടുക്കുന്നുണ്ട്.

ആകെ 11,90,409 കുട്ടികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. 1,999 കേന്ദ്രങ്ങളാണ് കേരളത്തിലും ഗൾഫിലും മറ്റുമായി സജ്ജമാക്കിയിരിക്കുന്നത്. ഗൾഫിലേക്ക് അധ്യാപകരെ നിയോഗിച്ച് ചോദ്യക്കടലാസുകൾ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചാണ് അവിടെ പരീക്ഷ നടത്തുന്നതെന്നും എസ്.ഷാനവാസ് പറഞ്ഞു. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് വിതരണം എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷാ നടത്തിപ്പിനും മൂല്യനിർണയത്തിനുമായി 24,000ത്തോളം അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്.