കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 മോഷണക്കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ കാപ്പചുമത്തി ജയിലിലടച്ചു


കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് വലിയ പറമ്പ് സ്വദേശിയാണ് ഇയാൾ. നല്ലളം, കുന്ദമംഗലം, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളിലുമായി 18 കേസുകളിൽ പ്രതിയാണ് ഇയാൾ.

കളവും കവർച്ചയും നടത്തി ഒളിവിൽകഴിയുകയായിരുന്നു ഇയാൾ. മോഷണത്തിലൂടെ ലഭിക്കുന്ന പണവും വിലകൂടിയ മുതലും ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. ഒളിവിൽ കഴിയവെ കുറ്റിക്കാട്ടൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. നല്ലളം ഇൻസ്‌പെക്ടർ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം നല്ലളം പൊലീസ് ഇൻസ്‌പെക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്കെതിരെ വരുംദിവസങ്ങൡും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.