വയനാടിന് വേണ്ടി മനുഷ്യർ മാത്രമല്ല ദൈവങ്ങളും കൈകോർക്കുന്നു; ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാ​ഗമായി തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം


കാസർ​ഗോഡ്: വയനാടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി മലബാറുകാരുടെ പ്രിയപ്പെട്ട മുത്തപ്പൻ തെയ്യവും ഒരു ഓഹരി നൽകി.തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യമാണ് ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാ​ഗമായത്.

കടലോളവും മലയോളവും പോയി പ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾ. വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. എന്റെ കരത്തിലൊതുങ്ങുന്നത് മുത്തപ്പന്റേതായ ഒരു ഓഹരിയായി മുത്തപ്പനും തരുന്നു. എത്ര ദൂരെയായാലും മഹാ ദുരന്തങ്ങൾ ഇനി സംഭവിക്കാതിരിക്കട്ടെയെന്ന് റീബിൽഡ് വയനാടിനായി തൊഴുതുവരവിൽ നിന്ന് പ്രവർത്തകർക്ക് പണം നൽകി കൊണ്ട് തെയ്യം പറഞ്ഞു.

തെയ്യം തൊഴുത ശേഷം ഭക്തർ നൽകിയ കാണിക്കയിലെ ഒരു വിഹിതമാണ് റീബിൽഡ് വയനാട് പ്രവർത്തനത്തിലേക്ക് തെയ്യം നൽകി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എംവി രതീഷ് വിഹിതം ഏറ്റുവാങ്ങി. മേഖല സെക്രട്ടറി കെ വി അജിത്ത് കുമാർ, എം എ നിതിൻ, സച്ചിൻ ഒ എം, വി കെ രാഹുൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തന്ത്രി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായം നൽകിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ഷേത്ര തന്ത്രി ജോബിഷാണ് തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകിയത്.