ഒരു തുള്ളി പെട്രോളും ഡീസലും കോഴിക്കോട് ജില്ലയിൽ കിട്ടില്ല; വൈകുന്നേരം നാലുമുതൽ ആറുവരെ ജില്ലയിലെ പമ്പുകൾ അടച്ചിടുന്നു
കോഴിക്കോട്: ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് വൈകുന്നേരം നാലുമുതൽ ആറുമണിവരെയാണ് പമ്പുകൾ അടച്ചിടുന്നത്. പെട്രോളിയം അസോസിയേഷൻ ഡീലർ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് അസോസിയേഷൻ മിന്നൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഡീലർമാർക്ക് ഇന്ധനം എത്തിച്ചുനൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. പമ്പുകളിലേക്ക് ഇന്ധനം എത്തിച്ചു നൽകുന്ന ലോറി ഡ്രൈവർക്ക് 300രൂപ അവരുടെ ഭക്ഷണ ചെലവിനായി കൊടുക്കാറുണ്ട്. ഇത് ഉയർത്തണമെന്ന ആവശ്യം ഡ്രൈവർമാർ ഉന്നയിച്ചിരുന്നു. അസോസിയേഷൻ ഇതിന് തയ്യാറായില്ല.
കഴിഞ്ഞദിവസം കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും ഈ തുക തന്നെ നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു പമ്പുടമകൾ. ഇന്ന് എലത്തൂർ എച്ച്പിസി.എൽ അധികൃതർ ഒരു ചർച്ചയ്ക്ക് വിളിച്ചു. ഈ ചർച്ചയ്ക്കിടെയാണ് കയ്യേറ്റമുണ്ടായത്. ഇതോടെ സമരം പ്രഖ്യാപിക്കുകയായിരുന്നു.