വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്ക്കരണം; സ്റ്റേഷനിൽ ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു
വടകര: വടകര റെയിൽവേ സ്റ്റേഷൻ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു. ആശ്രയ വുമൺസ് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി മാഹിയുടെ നേതൃത്വത്തിലാണ് 15ഓളം ചിത്രകലാകാരന്മാർ ചുമർ ചിത്രങ്ങളൊരുക്കുന്നത്. കേരളത്തിന്റെ തനത് പ്രതിബിംബങ്ങൾ, വടക്കൻ പാട്ടുകളിലെ രംഗങ്ങൾ, കളരി, തെയ്യങ്ങൾ, കഥകളി തുടങ്ങിയവ കോർത്തിണക്കി കൊണ്ടാണ് ചുമർ ചിത്രങ്ങൾ തയ്യാറാക്കുന്നത്.
ശീതീകരണ മുറിയിലും വിശ്രമ മുറിയിലും പ്രവേശന കവാടങ്ങളിലുമാണ് ചായക്കൂട്ടുകൾ കൊണ്ട് ചിത്രങ്ങൾ വരച്ചിടുന്നത്. അഞ്ചു വർഷത്തെ പരിപാലന ഉറപ്പോടു കൂടിയാണ് കേരളീയ ചുമർചിത്രരചന ശൈലിയിൽ ചിത്രം വരക്കുന്നത്.
