നൊച്ചാട് ഇനി നാടക രാവുകളിലേക്ക്; സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ നാടകമത്സരം 26 മുതല്‍
പേരാമ്പ്ര: നൊച്ചാട് സമീക്ഷ ദി ഗ്രൂപ്പ് ഓഫ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറിന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ നാടകമത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്നുവരെ നൊച്ചാട് ആയുര്‍വേദ ആശുപത്രിക്ക് സമീപമാണ് പരിപാടി. 26ന് വൈകുന്നേരം ആറിന് കെ.എം സച്ചിന്‍ദേവ് എം.എല്‍.എ സര്‍ഗവസന്തം ഗ്രാമീണ കലാവിരുന്ന് ഉദ്ഘാടനംചെയ്യും. ഇതിന്റെ ഭാഗമായി ലഹരിക്കെതിരേ ചിത്രമതില്‍ എന്ന പരിപാടിയും ആദ്യദിനം നടത്തും.
27-ന് വൈകുന്നേരം ആറിന് ചലച്ചിത്രതാരം സോന നായര്‍ നാടകമത്സരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 7.30-ന് ആറ്റിങ്ങള്‍ ശ്രീധന്യയുടെ ‘ലക്ഷ്യം’ നാടകം അരങ്ങേറും.
28-ന് കോഴിക്കോട് രംഗഭാഷയുടെ ‘മൂക്കൂത്തി’ നാടകവും 29-ന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘നത്തു മാത്തന്‍ ഒന്നാംസാക്ഷി’ നാടകവും 30-ന് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷന്‍സിന്റെ ‘പ്രകാശം പരത്തുന്ന വീട്’ നാടകവും അവതരിപ്പിക്കും.

ഡിസംബര്‍ ഒന്നിന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനവും അവാര്‍ഡ് നൈറ്റും ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മധുപാല്‍ മുഖ്യാതിഥിയാകും. രാത്രി എട്ടിന് തിരുവനന്തപുരം സൗപര്‍ണികയുടെ ‘ഇതിഹാസം’ നാടകവും അരങ്ങേറും.
കാണികളില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ ഗ്യാലപ്പ് പോളിലൂടെയാണ് നാടകമത്സരത്തിലെ വിജയികളെ തിരഞ്ഞെടുക്കുകയെന്നും സംഘാടകര്‍ അറിയിച്ചു.