പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന: മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കി നൊച്ചാട് പഞ്ചായത്ത്


നൊച്ചാട്: മുഴുവന്‍ കുടുംബങ്ങള്‍ക്കും അപകട സുരക്ഷ ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തി നൊച്ചാട് പഞ്ചായത്ത്. പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന നൂറ് ശതമാനം പൂര്‍ത്തീകരിച്ച പഞ്ചായത്തായി നൊച്ചാടിനെ ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചു.

രാജ്യത്തെ 18 മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് ലഭ്യമാകുന്ന വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസിയാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന. എസ്.ബി.വൈ ഇന്‍ഷുറന്‍സ് മേഖലയില്‍ വരുന്ന ഒരു സാമൂഹ്യ സുരക്ഷപദ്ധതിയാണിത്.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ശോഭന വൈശാഖ്, ഷിജി കൊട്ടാരക്കല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോണിമ, പി.എം.എസ്.ബി.വൈ കോഡിനേറ്റര്‍മാരായ കെ.ഗോപിനാഥന്‍, വിശ്വന്‍ മഠത്തില്‍, അല്‍ഫോണ്‍സ് തോമസ്, ഗ്രാമീണ ബാങ്ക് മാനേജര്‍ ധന്യ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍.ശാരദ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദിയും പറഞ്ഞു.