എല്ലാ വാർഡുകളിലും മിനി എം.സി.എഫ്, കംബോസ്റ്റ് ബിറ്റ് വിതരണം, ഹരിത ഓഡിറ്റിംങ്ങ്; മാലിന്യ മുക്ത പഞ്ചായത്താകാനൊരുങ്ങി നൊച്ചാട്


നൊച്ചാട്: മാലിന്യ മുക്ത പഞ്ചായത്താക്കി നൊച്ചാടിനെ മാറ്റാൻ വെെവിധ്യമാർന്ന പരിപാടികളുമായി പഞ്ചായത്ത് അധികൃതർ. സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ഓഡിറ്റിംങ്ങ് ഉൾപ്പെടെ നടപ്പിലാക്കി 2024 ഓടെ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനാണ് ലക്ഷ്യം. പഞ്ചായത്തിന്റെയും ഹരിത കർമ്മസേനയെയുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനത്തോടെ നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പൊതു ഇടങ്ങളും ജലാശയങ്ങളും പൂർണ്ണമായും മാലിന്യമുക്തമാക്കി. വീടുകളിൽ നിന്നുള്ള തരംതിരിച്ച അജെെവ മാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേനാംഗങ്ങളും രംഗത്തുണ്ട്. സേനാംഗങ്ങൾ നിലവിൽ രണ്ട് മാസത്തിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും എത്തിയാണ് മാലിന്യ ശേഖരണം നടത്തുന്നത്. എല്ലാ മാസവും മാലിന്യ ശേഖരണം നടത്തുന്നതിലേക്ക് ഹരിത കർമ്മസേനയുടെ പ്രവർത്തന രീതി മാറ്റാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത ഓഡിറ്റിംങ്ങ് റിപ്പോർട്ടും തയ്യാറാക്കി. വിവിധ മേഖലകളിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വിദഗ്ധ ടീമാണ് ഹരിത ഓഡിറ്റിംങ്ങ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓഡിറ്റ് ടീം വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, എന്നിവരുമായ് ഫോക്കസ് ചർച്ചകൾ നടത്തി. പഞ്ചായത്തിലെ സ്കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച് മാലിന്യ സംസ്ക്കരണ രീതികളെ കുറിച്ച് മനസിലാക്കുകയും ചർച്ചകൾ നടത്തിയുമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.

2024 ഓടെ നൊച്ചാടിനെ മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കും. ഇതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. ജെെവ മാലിന്യ സംസ്ക്കരണത്തിന് സംവിധാനമില്ലാത്ത വീടുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കംബോസ്റ്റ് ബിറ്റ് നിർമ്മിച്ച് നൽകും. കൂടാതെ റിംഗ് കംബോസ്റ്റുകളും വിതരണം ചെയ്യും. ഹരിത ഓഡിറ്റിംങ്ങ് റിപ്പോർട്ട് അടിസ്ഥാനമാക്കി പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കും.

Summary: Nochad is poised to become a waste-free panchayat