ഡിജിറ്റല്‍ സര്‍വ്വെയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്; ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള ജി.ഐ.എസ് സര്‍വ്വേക്ക് തുടക്കമായി


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ആസ്തി ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള
ജി.ഐ.എസ് സര്‍വ്വേക്ക് തുടക്കമായി. കല്‍പ്പത്തൂര്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പരിപാടി നെച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍. ശാരദ ഉദ്ഘാടനം ചെയ്തു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഡ്രോണ്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തി ആസ്തി റജിസ്റ്റര്‍ പുന:സംഘടിപ്പിക്കും.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ വിഭവങ്ങള്‍ സംബന്ധിച്ച് വിവരം വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഏറ്റവും വേഗതയാര്‍ന്നതും മെച്ചപ്പെട്ടതുമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡുകള്‍, നടപ്പാത, ലാന്‍ഡ് മാര്‍ക്ക്, പാലം, ഡ്രൈനേജ്, കനാല്‍ കള്‍ വര്‍ട്ട്, തരിശു നിലങ്ങള്‍, വയലുകള്‍ തണ്ണീര്‍ തടങ്ങള്‍ എന്നിവയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഫോട്ടോ സഹിതം രേഖപ്പെടുത്തും.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍മ്മാരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ഗ്രാമപഞ്ചായത്തംഗം പി.പി. അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് സ്വാഗതം പറഞ്ഞു. കെ.എം. ചന്ദ്രന്‍ നന്ദി പറഞ്ഞു. പ്രൊജക്റ്റ് മാനേജര്‍ കെ.കെ. നവീന്‍കുമാര്‍, റിജിന്‍ എന്നിവര്‍ സംസാരിച്ചു.