തൊഴിലാളികളുടെ ലഭ്യത ഉറപ്പ് വരുന്നതിനായി തൊഴില്‍ സേനയും കാര്‍ഷിക നേഴ്സറിയും രൂപീകരിക്കും, വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കാര്‍ഷിക മേഖലക്ക് മുഖ്യപരിഗണന നല്‍കി നൊച്ചാട് ഗ്രാമ പഞ്ചായത്ത് ബജറ്റ്


പേരാമ്പ്ര: കാര്‍ഷിക മേഖലക്ക് മുഖ്യപരിഗണന നല്‍കി നൊച്ചാട് ഗ്രാമ പഞ്ചായത്ത് 2023-24 വര്‍ഷത്തെ ബജറ്റ്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അധ്യക്ഷത വഹിച്ചു.

തോടുകളുടെ സംരക്ഷണത്തിനും നെല്‍കൃഷി വികസനത്തിനും ബജറ്റില്‍ പ്രധാന്യം നല്‍കുന്നുണ്ട്. കൂടാതെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ലഭ്യത ഉറപ്പ് വരുന്നതിനായി തൊഴില്‍ സേനയും, കാര്‍ഷിക നേഴ്സറിയും രൂപീകരിക്കും.

വളര്‍ത്തുമൃഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉത്പാദനത്തില്‍ ഗ്രാമ പഞ്ചായത്ത് സ്വയം പര്യാപതതനേടും, ദാരിദ്ര നിര്‍മ്മാര്‍ജന ലക്ഷ്യം കൈവരിക്കുന്നതില്‍ നൊച്ചാട് പഞ്ചായത്ത് ഏറെ മുന്നിലാണെങ്കിലും കേവല ദാരിദ്രം ഒറ്റപ്പെട്ട ഇടങ്ങളില്‍ കാണുന്നുണ്ട് ഇത് പരിഹരിക്കുന്നതിനായുള്ള ഇടപെടല്‍ ഉണ്ടാവുമെന്നും, അടച്ചുറപ്പുളള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ലൈഫ് ഭവന പദ്ധതിയിലൂടെ അര്‍ഹതയുള്ള മുഴുവനാളുകള്‍ക്കും വീട് നല്‍കും, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദധതിക്ക് മുഖ്യപരിഗണന നല്‍ക്കും, പട്ടിക ജാതി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും തുടങ്ങിയ കാര്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുന്നു.

ആരോഗ്യ, വിദ്യാഭ്യാസ, കലാ സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ഗര്‍ഭിണികളുടെയും, കുട്ടികളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യും.

ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കും, ഭിന്ന ശേഷിക്കാരുടെയും വയോജനങ്ങളുടെയും പരിരക്ഷ ഉറപ്പു വരുത്തും, വൃത്തിയും വെടുപ്പുമുള്ള പഞ്ചായത്തിനായി ശുചിത്വ മേഖലക്ക് ഊന്നല്‍ നല്‍കും, ഭരണ നടപടികള്‍ ജനസൗഹൃദവും സുതാര്യവുമാക്കാന്‍ ഓണ്‍ലൈന്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും തുടങ്ങിയവയാണ് ബജറ്റില്‍ അവതരിപ്പിച്ച മറ്റ് പ്രധാന കാര്യങ്ങള്‍.