അപ്രഖ്യാപിത പവർകട്ടില്ല; ഏർപ്പെടുത്തിയത് ചില നിയന്ത്രണങ്ങൾ മാത്രം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ല


പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രവിഹിതത്തിന്റെ ലഭ്യത കുറവിന്മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇല്ല, ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ വൈദ്യുതി ആവശ്യകതയിൽ വന്ന വർദ്ധനവും, പവർ എക്സ്ചേഞ്ച് മാർക്കറ്റിൽ വൈദ്യുതി ലഭ്യത കുറവും മൂലം കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം അനിവാര്യമാകുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ചുതന്നെ സഹകരിക്കണമെന്നും വൈദ്യുതി ബോർഡ് അഭ്യർത്ഥിച്ചു.

ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് പവർകട്ട് ഉണ്ടാകില്ലെന്ന വാഗ്ദാനം ലംഘിച്ചുവെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.