ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയില്ല ; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു


ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മെമ്പർമാർ നിയമാനുസൃതമായി നൽകിയ ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കാൻ അവസരം നൽകാതെ മറുപടി നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചത്.

പഞ്ചായത്ത്‌ രാജ് ആക്ട് പ്രകാരം മെമ്പർമാർക്ക് പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന്, ഭരണസമിതി യോഗത്തിൻ്റെ ഏഴ് ദിവസങ്ങൾക്ക് മുമ്പ് ചോദ്യങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയാൽ, യോഗത്തിൻ്റെ അജണ്ടയിൽ ഒന്നാമത്തെ ഇനമായ് ചോദ്യോത്തരങ്ങൾ ചേർത്ത് ചോദ്യം ഉന്നയിക്കാനും മറുപടി നൽകാനും അവസരം ഉണ്ടാക്കണം . മറ്റ് നടപടികളിലേക്ക് കടക്കുന്നതിന് മുമ്പേ ഒരു മണിക്കൂർ സമയം ചോദ്യോത്തരങ്ങൾക്ക് മാറ്റിവെക്കണം. എന്നാൽ ആയഞ്ചേരി പഞ്ചായത്തിൽ ഇത് ഉണ്ടാവിന്നില്ലെന്ന് എൽ ഡി എഫ് അംഗങ്ങൾ പറഞ്ഞു .

പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ അലംഭാവം സംബന്ധിച്ച് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ നൽകിയ ചോദ്യമാണ് അജണ്ടയിൽ ചേർക്കാതെ ഒഴിവാക്കിയത്. പഞ്ചായത്തിലെ 81 അഗതി കുടുബങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിന് കുടുബശ്രീ സി.ഡി എസ്സ് ചെയർപേഴ്സൺ നൽകിയ കത്തും അജണ്ടയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കിയതിലൂടെ പാവപ്പെട്ട അഗതികളോടും കൂരത കാണിച്ചിരിക്കുന്നെന്ന് എൽ ഡി എഫ് ആരോപിച്ചു.

പഞ്ചായത്ത് അധികൃതരുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എൽ ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സുധ സുരേഷ് അധ്യക്ഷത വഹിച്ചു. ടി സജിത്ത്, പ്രബിത അണിയോത്ത്, ലിസ പുനയംകോട്ട്, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Description: No opportunity was given to raise questions; The LDF boycotted the Ayanchery Grama Panchayat Governing Council meeting [mid5]