8,9 ക്ലാസുകളില്‍ ഇനി മുതല്‍ ഓള്‍ പാസില്ല; പത്താം ക്ലാസ് പാസാവാനും മിനിമം മാര്‍ക്ക് നിര്‍ബന്ധം


തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ തലത്തില്‍ ഓള്‍ പാസ് ഒഴിവാക്കുന്നു. ഇനി മുതല്‍ എട്ട്, ഒമ്പത് ക്ലാസുകളില്‍ ഓള്‍ പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

വിദ്യാഭ്യാസ മന്ത്രി സമര്‍പ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഓള്‍ പാസ് നല്‍കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

റിപ്പോര്‍ട്ട് പ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വിജയിക്കാന്‍ നിര്‍ബന്ധമാക്കും. ഘട്ടം ഘട്ടമായാണ് പുതിയ തീരുമാനം നടപ്പിലാക്കുക. ഇത് പ്രകാരം ആദ്യം എട്ടാം ക്ലാസിലും, തുടര്‍ന്ന് ഒമ്പതാം ക്ലാസിലും ശേഷം പത്താം ക്ലാസിലും ഓള്‍പാസ് നിര്‍ത്തലാക്കും. അടുത്ത അധ്യായന വര്‍ഷം മുതല്‍ തീരുമാനം നടപ്പിലാക്കും.