‘പാവപ്പെട്ട രോഗികള്‍ മരുന്നിന് സ്വകാര്യ ഫാര്‍മസികളെ ആശ്രയിക്കേണ്ട സ്ഥിതി’; ചങ്ങരോത്ത് എഫ്.എച്ച്.സിയിലെ മരുന്നുക്ഷാമം പരിഹരിക്കണമെന്നാവശ്യമുയര്‍ത്തി യു.ഡി.എഫ് പ്രതിഷേധം
പാലേരി: ചങ്ങരോത്ത് എഫ്.എച്ച്.സിയിലെ മരുന്നുക്ഷാമം പരിഹരിക്കുക, ജെ.പി.എച്ച് ഒഴിവുകള്‍ നികത്തുക, ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി ആഭിമുഖ്യത്തില്‍ ചങ്ങരോത്ത് എഫ്.എച്ച്.സിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
പാവപ്പെട്ട രോഗികള്‍ക്ക് മരുന്നിനുള്ള പുറത്തേക്ക് എഴുതിനല്‍കുകയല്ലാതെ മറ്റു മാര്‍ഗം ഡോക്ടര്‍മാര്‍ക്കില്ല. രോഗികള്‍ സ്വകാര്യ ഫാര്‍മസികളെ സമീപിക്കേണ്ടിവരുന്നത് തുടരുകയാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
ചങ്ങരോത്ത്, വേളം, കൂത്താളി തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നായി നിത്യേന നൂറുകണക്കിന് രോഗികള്‍ ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്. കടിയങ്ങാട് സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിട്ട് വര്‍ഷം കഴിഞ്ഞിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിഗണന ലഭ്യമായിട്ടില്ല.
യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍മാരായ ഇ.ടി. സരീഷ്, അബ്ദുല്ല സല്‍മാന്‍, കെ.എം. ഇസ്മയില്‍, വി.കെ. ഗീത, കെ. മുബഷിറ, എം.കെ. ഫാത്തിമ, കെ.എം. അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.