കോഴിക്കോട്ടെ പ്രധാന ടൂറിസം കേന്ദ്രമെന്ന പേര് മാത്രം ബാക്കി; അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കരിയാത്തുംപാറ
ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ പ്രധാന പരിസ്ഥിതിസൗഹൃദ ടൂറിസം കേന്ദ്രമെന്ന് കൊട്ടിഘോഷിക്കുമ്പോഴും കക്കയം കരിയാത്തും പാറയില്‍ സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നുമൊരുക്കാതെ അധികൃതര്‍. ഇറിഗേഷന്‍ വകുപ്പിന് കീഴിലാണ് കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രമുള്ളതെങ്കിലും വകുപ്പധികൃതരുടെ ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നാക്ഷേപമുണ്ട്.
നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒഴിവു ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് കൂടും. എന്നാല്‍ കരിയാത്തും പാറ റിസര്‍വോയറില്‍ അപകട മരണം വര്‍ധിച്ചതോടെ ലക്ഷങ്ങള്‍ മുടക്കി റോഡരികത്ത് മതില്‍ കെട്ടി ഇരുമ്പുവേലി സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ല. ഇവിടെയെത്തുന്നവര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍പോലും സൗകര്യമില്ല.
റിസര്‍വോയര്‍ തീരത്തേക്ക് പ്രവേശിക്കാന്‍ ടിക്കറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. റോഡില്‍നിന്നും പ്രവേശന കവാടം കടന്നു റിസര്‍വോയര്‍ ഭാഗത്തേക്ക് ഇറങ്ങാന്‍ സ്റ്റെപ്പ് പോലും കെട്ടാത്തതിനാല്‍ സഞ്ചാരികള്‍ ഊടുവഴിയിലൂടെ നിരങ്ങിയിറങ്ങേണ്ട സ്ഥിതിയാണ്.
തൊട്ടടുത്തുള്ള തോണിക്കടവ് ടൂറിസം കേന്ദ്രത്തില്‍ എല്ലാ സൗകര്യവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലും എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചും ഒരുക്കിയിട്ടുണ്ട്. കരിയാത്തുംപാറയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകുമെന്നതില്‍ യാതൊരു സംശയവുമില്ല.