പുതിയ ആറുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല; യാത്ര സർവീസ് റോഡിലൂടെ മതി
ദില്ലി: പുതിയ ഹൈവേയിൽ ഇരുചക്രവാഹന യാത്രയ്ക്ക് അനുമതിയില്ല. ഇപ്പോഴത്തെ നിയമപ്രകാരം, എക്‌സ്‌പ്രസ് ഹൈവേയിലൂടെയല്ല, സർവീസ് റോഡിലൂടെയാണ് ഇരുചക്രവാഹനങ്ങളുടെ യാത്ര. എന്നാൽ കേരളത്തിൽ സർവീസ് റോഡ് ഇല്ലാത്ത പല സ്ഥലങ്ങളും ബൈപ്പാസുകളും ഉണ്ട്. അത്തരത്തിലുള്ള സ്ഥലങ്ങളിൽ പഴയ റോഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത്, പിന്നീട് വീണ്ടും സർവീസ് റോഡിൽ ചേരണം.
അതേ സമയം പാലങ്ങളിൽ സർവീസ് റോഡ് ഇല്ല. നദി കടക്കുന്നതിനായി മറ്റേതെങ്കിലും മാർഗവും ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള യാത്ര അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. 60 മീറ്റർ വീതിയുള്ള ആറുലൈൻ റോഡ് 45 മീറ്ററായി ചുരുക്കിയപ്പോൾ ഏറ്റവും കൂടുതൽ തിരക്ക് സർവീസ് റോഡിലായിരുന്നു. അതിനാൽ, ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള മന്ദഗതിയിലുള്ള വാഹനങ്ങൾക്ക് ആറുലൈൻ റോഡിന്റെ ഇടത്തെ ലൈൻ ഉപയോഗിക്കാൻ അനുവാദം നൽകാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

സർവീസ് റോഡിൽ ബസ് ബേ ഇല്ല. ബസ് ഷെൽട്ടർ മാത്രം ഉണ്ട്. ഇത് നാലര മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ളതാണ്. ഷെൽട്ടർ സ്ഥാപിക്കുന്നത് രണ്ട് മീറ്റർ വീതിയുള്ള ഫുട്പാത്തിലാണ് (ഉടിലിറ്റി കൊറിഡോർ). തലപ്പാടി-ചെങ്ങള (39 കിമീ) ഭാഗത്തെ രണ്ട് സർവീസ് റോഡുകളിലായി ആകെ 77 ബസ് ഷെൽട്ടറുകളുണ്ട്. സർവീസ് റോഡുകളിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാൻ കഴിയും.