എല്ലാവിധ സൗകര്യമുള്ള കെട്ടിടമുണ്ട് ഈ ഹെല്‍ത്ത് സെന്ററിന്, എന്നാല്‍ ഡോക്ടറും മരുന്നുമില്ല; രാമല്ലൂര്‍ പുതുക്കുളങ്ങര താഴെയുള്ള ഹെല്‍ത്ത് സെന്റര്‍ നാടിന് പ്രയോജനപ്രദമാക്കണമെന്ന ആവശ്യമുന്നയിച്ച് നിവേദനം


കല്‍പ്പത്തൂര്‍: എല്ലാവിധ സൗകര്യങ്ങളുമുള്ള ഹെല്‍ത്ത് സെന്റര്‍ കെട്ടിടമുണ്ട്, പക്ഷേ ഡോക്ടറില്ല കല്‍പ്പത്തൂര്‍ സ്വദേശികളുടെ അവസ്ഥയാണിത്. രോഗം വന്നാല്‍ മേപ്പയ്യൂരിലെ സര്‍ക്കാര്‍ ആശുപത്രിയെയോ പ്രൈവറ്റ് ആശുപത്രിയെയോ ആശ്രയിക്കേണ്ട ഗതിയാണിവര്‍ക്ക്.

കാലവര്‍ഷം കനക്കുകയും മഴക്കാല രോഗങ്ങള്‍ വ്യാപകമാകുകയും ചെയ്തതോടെ ഇവിടുള്ളവരുടെ ദുരിതം ഏറിയിരിക്കുകയാണ്. ആശുപത്രികളില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. കല്‍പ്പത്തൂര്‍-വെള്ളിയൂര്‍ റോഡിലെ രാമല്ലൂര്‍ പുതുക്കുളങ്ങര താഴെയുള്ള ഹെല്‍ത്ത് സെന്റര്‍ നാടിന് ഉപകാരപ്പെടും വിധം ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉദാരമനസ്‌കനായ വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് സര്‍ക്കാര്‍ പണിതതാണ് ഹെല്‍ത്ത് സെന്ററിന്റെ കെട്ടിടം. അടുത്തകാലത്ത് പ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായി നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് പ്രദേശവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്.


എന്നാല്‍ വെറുമൊരു പോളിയോ വിതരണവും പെന്‍ഷന്‍ വിതരണ കേന്ദ്രവും മാത്രമായൊതുങ്ങുകയാണ് ഈ കെട്ടിടമിന്ന്. പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ സേവനവും അത്യാവശ്യ മരുന്നുകളും ലഭ്യമാക്കി നാടിന് ഉപകാരപ്പെടുന്ന നിലയില്‍ സ്ഥാപനത്തെ ഉയര്‍ത്തി കൊണ്ട് വരാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ-സന്നദ്ധ -യുവജന സംഘടനകളും ശ്രമം നടത്തണമെന്ന് എസ്.വൈ.എസ് യൂനിറ്റ് സ്വാന്തനം ക്ലബ് ആവശ്യപ്പെട്ടു. ഇതുമായി ബദ്ധപ്പെട്ട നിവേദനം പതിനാറാം വാര്‍ഡ് മെമ്പര്‍ ഗീത നന്ദനത്തിന് കൈമാറി

Summary: no doctor in Ramallur heath centre